ജയിലറിൽ ലാലേട്ടനെ ചുള്ളനാക്കിയ ആ ഡിസൈനർ ഇവിടെയുണ്ട്

വിന്‌റേജ് മൂഡും ഡിജിറ്റല്‍ പ്രിന്‌റ് ഷർട്ടുകളും; മോഹൻലാലിന്റെ ജയിലർ ലുക്കിനെ കുറിച്ച് ജിഷാദ്
തിയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ് രജനികാന്ത് ചിത്രം ‘ജയിലര്‍’. ആഗസ്റ്റ് 10ന് പ്രദര്‍ശനം ആരംഭിച്ച ‘ജയിലര്‍’ ഇതിനോടകം ബോക്‌സ് ഓഫീസില്‍ വന്‍ കളക്ഷനാണ് നേടിയിരിക്കുന്നത്. ‘ജയിലർ’ ഒരു രജനീകാന്ത് ചിത്രം മാത്രമല്ല, രജനീകാന്തിനോളം കയ്യടികൾ മോഹൻലാലും വിനായകനുമെല്ലാം തിയേറ്ററിൽ നേടുന്നുണ്ട്.
ജയിലറി’ലെ മോഹൻലാലിന്റെ സ്വാഗും സ്റ്റൈലിഷ് ലുക്കുമെല്ലാം വളരെ ശ്രദ്ധ നേടിയിരുന്നു. ഓരോ തവണ മോഹൻലാലിന്റെ മാത്യു എന്ന കഥാപാത്രം സ്ക്രീനിൽ തെളിയുമ്പോഴും പ്രേക്ഷകർ ആവേശം കൊള്ളുകയാണ്. വെറും പത്തു മിനിറ്റ് മാത്രം ചിത്രത്തിൽ വന്നു പോകുന്ന ആ കഥാപാത്രം ഉണ്ടാക്കുന്ന ഓളം ചെറുതല്ല. മാത്യൂവിന്‌റെ ഈ സ്‌റ്റൈലിഷ് ലുക്കിന് പിന്നിൽ പ്രവർത്തിച്ചത് ജിഷാദ് ഷംസുദ്ദീൻ ആണ്.
മോഹൻലാലിന്‌റെ പേഴ്‌സണല്‍ ഡിസൈനറും സ്റ്റൈലിസ്റ്റുമാണ് ജിഷാദ് ഷംസുദ്ദീന്‍. ഒരു വിന്‌റേജ് മൂഡ് ക്രിയേറ്റ് ചെയ്ത് ഡിജിറ്റല്‍ പ്രിന്‌റ് ഷർട്ടുകളിൽ തിളങ്ങുന്ന മാത്യുവിന് അപാര സ്ക്രീൻപ്രസൻസ് നൽകിയത് ജിഷാദാണ്. ‘ജയിലർ’ വിശേഷങ്ങൾ ഇന്ത്യൻ എക്സ്‌പ്രസ് മലയാളവുമായി പങ്കിടുകയാണ് ജിഷാദ്.

മോഹൻലാൽ ജയിലർ ലുക്കിൽ
“മോഹൻലാലിന്‌റെ സുഹൃത്തായ സനില്‍ കുമാറാണ് ജയിലറില്‍ ലാലേട്ടനു വേണ്ടി കോസ്റ്റ്യൂം ചെയ്യണമെന്ന് ആദ്യം എന്നോട് പറഞ്ഞത്. രജനികാന്തിനൊപ്പം ലാലേട്ടൻ ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയുണ്ടല്ലോ. പിന്നീട് ലാലേട്ടനും മെസ്സേജ് അയച്ച് ഗംഭീരമായ ഒരു കോസ്റ്റ്യൂമാണ് നമുക്ക് വേണ്ടതെന്ന് പറഞ്ഞു,” ജിഷാദ് പറയുന്നു.
“70- 90 കാലഘട്ടങ്ങളിലെ ഒരു ഗ്യാങ് ലീഡര്‍ ഡോണിന്‌റെ വേഷമാണ് ചിത്രത്തിൽ ലാലേട്ടൻ ചെയ്യുന്നത്. മയക്കുമരുന്ന് കച്ചവടക്കാരനായ പാബ്ലോ എക്‌സോബാറിന്‌റെ നാര്‍ക്കോ സീരീസിലെ കഥാപാത്രങ്ങളില്‍ നിന്ന് പ്രചോദനം ഉൾകൊണ്ട് കോസ്റ്റ്യൂം തയ്യാറാക്കണമെന്നാണ് സംവിധായകന്‍ നെല്‍സണ്‍ ആവശ്യപ്പെട്ടത്. അതില്‍ നിന്റെ സര്‍ഗ്ഗാത്മകതയും ഉള്‍പ്പെടുത്തൂ എന്ന് നെൽസൺ പറഞ്ഞു.”
“കോസ്റ്റ്യൂം കണ്ടതിനു ശേഷം ലാലേട്ടന്‍ ഏറെ സന്തോഷവാനായിരുന്നു. കൊള്ളാം നന്നായിട്ടുണ്ട് എന്നെല്ലാം പറഞ്ഞു. കോസ്റ്റ്യൂമിന്റെ കാര്യത്തിൽ ലാലേട്ടനും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. സില്‍ക്കി ഫാബ്രിക്ക് ഫിനിഷുള്ള മെറ്റീരിയല്‍ ഉപയോഗിക്കാമെന്നും ആക്സസറീസ് ഏതൊക്കെയാണ് വേണ്ടത് എന്നെല്ലാം അദ്ദേഹവും നിർദ്ദേശങ്ങൾ നൽകി,” ജിഷാദ് കൂട്ടിച്ചേർത്തു.
ബിഗ്‌ബോസ് ഉള്‍പ്പെടെയുള്ള ഷോകള്‍ക്ക് മോഹലാലിന്‌റെ ഡ്രസ്സ് ഡിസൈന്‍ ചെയ്തത് ജിഷാദാണ്. 17 ഡിസൈനുകളാണ് മാത്യൂവിനായി മൊത്തം ചെയ്യ്തത്. അതില്‍ നിന്ന് 5 എണ്ണം തിരഞ്ഞെടുത്തു. ഇത്രയേറെ ജനപ്രീതി ലഭിച്ച ക്ലൈമാക്‌സിലെ ആ സ്റ്റൈലന്‍ വേഷം തിരഞ്ഞെടുത്തത് ലാല്‍ സാറാണ്. ബ്രേസ്‌ലെറ്റ് 2 എണ്ണം ഉപയോഗിക്കാമെന്നതും അദ്ദേഹത്തിന്റെ ഐഡിയ ആയിരുന്നു.
“ലാലേട്ടന്റെ ജയിലർ ലുക്ക് ശ്രദ്ധിക്കപ്പെടുമെന്ന് ഉറപ്പുണ്ടായിരുന്നു. എന്നാൽ ഇത്രത്തോളം സെൻസേഷനാവുമെന്ന് കരുതിയിരുന്നില്ല. ആ വേഷത്തിനെക്കാള്‍ അത് ധരിച്ചു വന്ന വ്യക്തിത്വത്തിനു ആളുകൾക്കിടയിലുള്ള സ്വാധീനമാണ് ഈ ജനപ്രീതിയ്ക്ക് പിന്നിൽ,” ജിഷാദ് പറഞ്ഞു.
മോഹൻലാലിനൊപ്പം ജിഷാദ്
‘ആറാട്ട്’ എന്ന ചിത്രത്തിലും മോഹൻലാലിനു വേണ്ടി കോസ്റ്റ്യൂം ഡിസൈൻ ചെയ്തത് ജിഷാദ് ആയിരുന്നു. “മോണ്‍സ്റ്റര്‍, ബ്രോ ഡാഡി, എലോൺ തുടങ്ങി ചിത്രങ്ങളിലും ലാല്‍ സാറിനുവേണ്ടി ഡ്രസ്സ് സ്റ്റൈല്‍ ചെയ്യാൻ അവസരം ലഭിച്ചിരുന്നു. ആറാട്ടിലെ ലാൽ സാറിന്റെ കോസ്റ്റ്യൂമിന് ആരാധകരില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്. 50 ഓളം കുര്‍ത്തീസ് ആറാട്ടിനു വേണ്ടി പ്രിന്‌റ് ചെയ്തിരുന്നു. അതില്‍ ഉപയോഗിച്ച മുണ്ടുകളെല്ലാം ഹാൻഡ് പെയിന്റ് ചെയ്തവ ആയിരുന്നു.”
ഡിസൈന്‍ മേഖലയില്‍ ജിഷാദ് തന്‌റെ കരിയര്‍ ആരംഭിക്കുന്നത് ഫാഷന്‍ മോഡലായിട്ടാണ്. പിന്നീട് തന്‌റെ പരിമിതികള്‍ മനസ്സിലാക്കി അസിസ്റ്റന്‌റെ സ്റ്റൈലിസ്റ്റായി ഒട്ടേറെ ഡിസൈനേഴ്‌സിന്‌റെ കൂടെ വര്‍ക്ക് ചെയ്തു. ഫ്‌ളിപ് കാര്‍ട്ട് പോലുള്ള ഫാഷന്‍ പോര്‍ട്ടല്‍സിലും ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളിലും വര്‍ക്ക് ചെയ്തതിനുശേഷമാണ് ജിഷാദ് സ്വതന്ത്ര ഡിസൈനറായി മാറിയത്.
മോഹൻലാലിനു വേണ്ടി മാത്രമല്ല, മലയാളത്തിലെ മുന്‍ നിര താരങ്ങളായ ടൊവിനോ, ഉണ്ണിമുകുന്ദന്‍, ചാക്കോച്ചന്‍, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവര്‍ക്കും ജിഷാദ് കോസ്റ്റ്യൂം ഡിസൈൻ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ആസിഫ് അലി, മോഹല്‍ലാല്‍, മമ്ത എന്നിവര്‍ക്കുവേണ്ടിയാണ് പ്രധാനമായും കോസ്റ്റ്യൂം ഡിസൈൻ ചെയ്യുന്നത്.
/indian-express-malayalam/media/media_files/uploads/2023/08/jailer-costumer-.jpg)
സ്റ്റൈലിസ്റ്റായി തന്‌റെ കരിയര്‍ ആരംഭിച്ചപ്പോള്‍ ‘റെയ്‌സ് 3’ എന്ന ചിത്രത്തിൽ സല്‍മാന്‍ ഖാന് കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തുക്കൊണ്ടാണ് ജിഷാദ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. സണ്ണി ലിയോണ്‍, ഹൃത്വിക് റോഷന്‍ എന്നിവര്‍ക്കു വേണ്ടിയും ജിഷാദ് കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തിട്ടുണ്ട്.
മൂന്നരവര്‍ഷത്തോളമായി മോഹൻലാലിനൊപ്പം ജിഷാദ് വർക്ക് ചെയ്യാൻ തുടങ്ങിയിട്ട്. ഇനിയും ഒരുപാട് കാലം ലാല്‍സാറിന്‌റെ കൂടെ ഉണ്ടാകണമെന്നാണ് തന്‌റെ ആഗ്രഹമെന്നും ജിഷാദ് പറയുന്നു.
അഭിമുഖം തയ്യാറാക്കിയത്: സൂര്യമോൾ കെ